ഉള്ളിലൊരാന്തല്‍..!കുറുക്കനോ മറ്റോ ആണോ...???!!!!!അവള്‍ പേടിയോടെ തിരിഞ്ഞു നോക്കി. കുറ്റിച്ചെടികള്‍ക്കും വള്ളിപ്പടര്‍പ്പുകള്‍ക്കും ഇടയില്‍ ഒരു ജീവി നില്‍ക്കുന്നു..!!!അതിന്റെ കറുത്ത മോന്തയും വെളുത്ത ചെവിയും കണ്ടപ്പോള്‍ കുറുക്കനല്ലെന്നുറപ്പായി.സൂക്ഷിച്ചു നോക്കി.
"ഹോ...പേടിക്കാനില്ല..പാത്തുമ്മയുടെ ആടാണ്!!!!അതുങ്ങളെ തീറ്റാന്‍ കൊണ്ടുവന്നതാണ് തൊടിയിലേക്ക്."
പെട്ടെന്ന് ഒരു പറ്റം ആടുകള്‍ അവിടവിടെയായി പ്രത്യക്ഷപ്പെട്ടു.അതിനിടയ്ക്ക് തട്ടമിട്ട ഒരു തല പൊന്തി വന്നു...!
തന്റെ കോന്ത്രമ്പല്ലുകള്‍മുഴുവന്‍ പുറത്തു കാട്ടി ചിരിച്ചുകൊണ്ട് പാത്തുമ്മ നില്‍ക്കുന്നു.
കയ്യില്‍ ഒരു വെളുത്ത ആട്ടിന്‍കുട്ടിയും ഉണ്ട്.ഉണ്ണീമയും ചിരിച്ചു.
"ദെത്താണ്യേ,ന്ന് ഷ്കോളില്യേ????????"
"ഇല്യ,ക്രിസ്മസ് വെക്കേഷനാ "
"യേ...,അപ്പോന്ന് ക്രിത്തുമസാലേ...!!!!"
പാത്തുമ്മ അദ്ഭുതത്തോടെ തന്റെ സ്ഥിരം ചിരി വിടാതെ പറഞ്ഞത് കേട്ടപ്പോള്‍ ഉണ്ണീമക്കും ചിരി വന്നു.അവള്‍ അതേയെന്ന് തലയാട്ടി.
തിരുവാതിര ആകാറായി.ആകെ ഒരു കുളിര്.ധനുമാസത്തിലെ ആ കുളിര് അവള്‍ക്കിഷ്ടമാണ്.
ആരെല്ലാമോ തൊടിയിലേക്ക് വരുന്നത് പോലെ.നോക്കിയപ്പോള്‍ ലക്ഷ്മിക്കുട്ടിയും മീനാക്ഷിയുമാണ്.അവര്‍ കൂവച്ചെടി വലിക്കാന്‍ വന്നതാണ്.തൊടിയില്‍ നിറയെ കൂവചെടികള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്.കൂവചെടിയുടെ കിഴങ്ങ് അരചെടുതാണ് കൂവപ്പൊടി ഉണ്ടാക്കുന്നത്.തിരുവാതിരയ്ക്ക് കൂവപ്പൊടി സര്‍ക്കരയും നാളികേരവും ചേര്‍ത്ത് ഉണ്ടാക്കുന്ന കൂവപ്പായസം ഉണ്ണീമക്ക് ഇഷ്ടമാണ്.
"ദെത്താന്റെ കുട്ട്യേ ഈ നേരത്ത് തൊടീല് എറങ്ങി ഒറ്റക്ക് നടക്കണേ?വല്ല എഴജന്തുക്കളും ണ്ടോന്നു അറിയോ?"
ലക്ഷ്മിക്കുട്ടി പറഞ്ഞത് കേട്ടിട്ടും ഉണ്ണീമ ഒന്നും മിണ്ടാതെ നിന്നു.അപ്പോഴേക്കും പാത്തുമ്മ ആടുകളെയും കൊണ്ട് അങ്ങ് ദൂരെ മറഞ്ഞിരുന്നു.ആടുകള്‍ കടിച്ച ഇലത്തലപ്പുകള്‍ കണ്ട് ലക്ഷ്മിക്കുട്ടി പറഞ്ഞു.
"ഇദ് ഞാന്‍ വല്യമ്പ്രാനോട് പരേണുന്ട്.ആ പാത്തുമ്മാന്റെ ആട്വോള് കേറി നെരങ്ങി ഈ തൊടീല് നേരെ ചൊവ്വേ ഒരു തയ്യ് ന്ടാവാന്ടായീണു. ആട്വോള് തിന്നനതും പോട്ടെ,കട്ട് മുടിക്കും കൂടി ചെയ്യാന്ന് വെച്ചാലോ...!!ഒരു പട്ട മടലോ നാല്യേരോ ഈ തൊദീന്നു പ്പോ കിട്ടാനുണ്ടോ????ഇദ് ഇങ്ങനെ വെചോണ്ടിരുന്ന നാളെ ഏക്കപ്പേര് ഞങ്ങക്കാണ്.ആ പോട്ടിപ്പെന്നിനു കുട്ടീം കൂടി ഒത്താശ ചെയ്യാണ് ലേ...!"
ലക്ഷ്മിക്കുട്ടി പല്ലിറുമ്മി.ലക്ഷ്മിക്കുട്ടി അങ്ങിനെയാണ്.ദേഷ്യം വന്നാ പല്ലിറുമ്മും.ലക്ഷ്മിക്കുട്ടി വലിയ ഏഷണിക്കാരിയാണ്.ഉണ്ണീമക്ക് ദേഷ്യംവന്നു.തന്‍ ഒത്താശ ചെയ്ത് കൊടുക്കാണത്രേ..!!!ഈ ലക്ഷ്മിക്കുട്ടീടെ നാവിനു എന്തും പറയാം.പാവം പാത്തുമ്മ..!!!തോടീലുള്ളത് കക്കണത് പാത്തുമ്മയല്ല ലക്ഷ്മിക്കുട്ട്യന്യാന്നു ഉണ്ണീമക്കറിയാം.ഉണ്ണീമ ഒന്നും മിണ്ടാതെ മുഖം തിരിച്ച് നടന്നു.ലക്ഷ്മിക്കുട്ടി പിന്നേം പിറുപിറുന്നനെ ഓരോന്ന് പറഞ്ഞു പല്ലിറുമ്മി,
ക്ട്...ക്ട്...ക്ട്...ക്ടും...!!!!!!!!!!
ഉണ്ണീമയുടെ നേരെ മൂത്ത ഏടത്തി നങ്ങേമ വലിയ പേടിക്കാരിയാണ്.ഇരുട്ടിനെ പേടിയാണ്.തന്നെ തെക്കിനീടവിടെ നിക്കാന്‍ പേടിയാണ്.തന്നെ നടക്കാനും ഇരിക്കാനും കിടക്കാനും ഒക്കേം പേടിയാണ്.ഉണ്ണീമക്ക് നങ്ങേമയോട് ഒരല്പം ഇഷ്ടക്കുറവുണ്ട്.നങ്ങേമ വലിയ സാമര്‍ത്ഥ്യക്കാരിയാണ്.ഇപ്പോഴും അച്ഛനെക്കൊണ്ടോ അഫനെക്കൊണ്ടോ വളയും മാലയുമൊക്കെ വാങ്ങിക്കാന്‍ മിടുക്കിയാണ്.ഒന്നും ഉണ്ണീമക്ക് കൊടുക്കില്ല.
"നീയിങ്ങട്ട് വരണ്ടോ ഉണ്ണീമേ,..."
നങ്ങേമയാണ്.എന്തെങ്കിലും പണി ഉണ്ടാകും അടുക്കളയില്‍.നങ്ങേമ മടിച്ചിപ്പാറു ആണ്.എല്ലാ പണിയും ഉണ്നീമ ചെയ്യണം.
"ദാ,വര്ണൂ......"
ഉണ്ണീമ ഓടി.
ശ്..ശ്.. ശ്...!!!!!!!
മുള്ള് കുത്തി..!!കൂവളമോ തൊട്ടാവാടിയോ..???
അവള്‍ തലയെടുപ്പോടെ നില്‍ക്കുന്ന കൂവളത്തെയും മണ്ണില്‍ ഇലകള്‍ കൂമ്പി പതുങ്ങി കിടക്കുന്ന തൊട്ടാവാടിയെയും മാറി മാറി നോക്കി.
"ഉണ്ണീമേ...."
തീര്‍പ്പ് കല്‍പ്പിക്കാന്‍ നേരമില്ല.ഇത്തവണ വിളി കുറച്ചുകൂടി ഉച്ചത്തിലാണ്.ഉണ്ണീമ ഞൊണ്ടി ഞൊണ്ടി തെക്കിനിയുടെ വാതില്‍ തുറന്നു അകത്തു കയറി.തെക്കിനിക്കൊലായിളിരുണ്ണ്‍ ഇടത്തെ കാലെടുത് മടിയില്‍ വച്ച്.ഉപ്പൂറ്റിയില്‍ നല്ല അസ്സലൊരു മുള്ള് തറച്ചിരിക്കുന്നു.അവളത് വലിച്ചെടുത്തു.നോക്കിയപ്പോഴല്ലേ രസം! കൂവളവുമല്ല,തൊട്ടാവാടിയുമല്ല.കാര മുള്ളാണ്.നല്ല കടച്ചില്‍...!!!!
"നീയിവ്ടെ എന്തെട്ക്കാ?എത്ര വട്ടായി വിളിക്കണു?കണ്ട തൊടീലൊക്കെ എറങ്ങി നടന്നോ.നല്ല കുട്ട്യോള് ഇല്ലത്തിരിക്യാ ചെയ്യാ.അതെങ്ങന്യാ,നിനക്ക് മരംകേറ്റല്ലേ പണി..!"
ഉണ്ണീമക്ക് ദേഷ്യം വന്നു!അവള്‍ നങ്ങേമയെ തുറിച്ച് നോക്കി.
"ഒരു നല്ല കുട്ടി വന്നണ്ണു!തന്നെ മുറ്റത്തേക്ക് ഇറങ്ങാന്‍ തന്നെ പേടിയാണ്,പിന്ന്യല്ലേ..!!!"
അവള്‍ മനസ്സില്‍ പറഞ്ഞു.
"എട്തി എന്തിനാ വിളിച്ചേ???"
ദേഷ്യം ഉള്ളില്‍ വെച്ച് ഉണ്ണീമ ചോദിച്ചു.
"അട്ക്കളെറേത്ത് ചിരുതേപ്പെണ്ണ് പാത്രം മോറി കമിത്തീട്ട്ന്ട്.അതങ്ങട്ട് ആ തിന്ടിമ്മില്ക്കങ്ങ് കേറ്റി വച്ചാ."
"അത് അവനാന്ക്കന്യങ്ങട് ചെയ്താപ്പോരെ????"
തിരിച്ച് ചോദിക്കണം എന്നുണ്ടായിരുന്നു ഉണ്ണീമക്ക്.പക്ഷെ ചോദിച്ചില്ല.
ഉണ്ണീമ നേരെ അടുക്കളയിലേക്ക് ചെന്ന്.അവിടെ ചിരുതേപ്പെണ്ണ് പാത്രങ്ങള്‍ മോറി കമിഴ്ത്തിയിട്ടുണ്ട്.വലിപ്പത്തിന്റെ തരം നോക്കി ഉണ്ണീമ പാത്രങ്ങള്‍ എടുത്ത് അടുക്കി വെച്ചു.ചിരുതേപ്പെണ്ണ് ഉണ്ണീമയെ ശ്രധിക്കുന്നതേ ഇല്ല.ഉണ്ണീമ ചിരുതേപ്പെണ്ണിന്‍റെ മുഖത്തും കൈകളിലും നോക്കി.പാത്രങ്ങള്‍ കഴുകാന്‍ വെണ്ണീറ് വെറുതെ കയ്യിലെടുത്ത് പാത്രത്തില്‍ അമര്‍ത്തി ഉരച്ചാല്‍ മതി ചിരുതപ്പെന്നിനു എന്ന് തോന്നി ഉണ്ണീമക്ക്.ചകിരിത്തുപ്പിനെക്കളും "കരുമൊരാ" ആണ് ചിരുതേപ്പെണ്ണിന്‍റെ കൈ.നോക്കിലും വാക്കിലും ഒരുതരി ദയയും ഇല്യേനും..!
ചിരുതേപ്പെണ്ണിന്‍റെ കയ്യിന്റെ മൊരുമൊരുപ്പ് ഓര്‍ത്താല്‍ കണ്ണില്‍നിന്നു വെള്ളം വരും..!രണ്ടും മൂന്നും വയസ്സുള്ളപ്പോള്‍ വെളിക്കിരിക്കാന്‍ പോയാല്‍ കൂടെ വരുന്നത് ചിരുതെപ്പെന്നകും.കാര്യം കഴിഞ്ഞാല്‍ വെള്ളം ഒഴിച്ചൊരു പ്രയോഗമുണ്ട്..!ആലോചിക്കാനേ വയ്യ..!!!പിന്നെപ്പിന്നെ വെളിക്കിരിക്കാന്‍ പോയാല്‍ ഓലിയിട്ടു കരയും.
"ചിരുതേപ്പെണ്ണ് വേണ്ട,ലക്ഷ്മിക്കുട്ട്യോ മീനാക്‍ഷിയോ മത്യേയ്...!!!!"
"ന്താ കുട്ട്യേ നോക്കി ചിരിക്കാന്??????ഞാന്‍ തുണില്യാണ്ട്യാ നിക്കണ്??"
പാറയില്‍ ചിരട്ട ഉരക്കുംപോലെ ചിരുതേപ്പെണ്ണ് ചോദിച്ചു.ഉണ്ണീമ പെട്ടെന്ന് ചിരി നിര്‍ത്തി,നോക്കുമ്പോള്‍ പാത്രം മോറല് കഴിഞ്ഞു ചിരുതേപ്പെണ്ണ് പോകാന്‍ നില്‍ക്കുന്നു.
ഉണ്ണീമ നടുമുറ്റത്ത് വന്നിരുന്നു.പ്രത്യേകിച്ച് പണിയൊന്നും ഇല്ല.ഇത്തവണ വെച്കാറേന്‍ ആയിട്ടും അമ്മത്തെക്ക് പോയിട്ടില്ല.അവിടെ എന്ത് രസമാണ്.പുഴയിളിപ്പോള്‍ വെള്ളം അധികം ഉണ്ടാവില്ല.ഒരു കരയില്‍ നിന്ന് മറുകര വരെ ഓടിക്കളിക്കാം.ഇടയ്ക്ക് കാല്‍ മണലില്‍ പൂണ്ടു പോകും.എന്നാലും രസമാണ്.പുഴയിലെ കുഴികളില്‍ മാത്രം വെള്ളം നിറഞ്ഞു നില്‍ക്കും.അതില്‍ ചാടിക്കളിക്കാന്‍ നല്ല രസമാണ്.
"കുഞ്ഞോപ്പോള്‍ ഉണ്ണാന്‍ വരണില്യേ?????????"
"ഏ....!ആ,ദാ വരണു...!"
അനിയനാണ്.ഉണ്ണാന്‍ നേരത്ത് അനിയന് വലിയ ലോഹ്യം ആണ്.അതിനു കാരണം ഉണ്ട്.ഊണ് കഴിഞ്ഞാല്‍ അനിയന്റെ കിണ്ണം കൂടി ഉണ്ണീമ എടുക്കണം.അവിടെ തളിച്ച് തുടക്കാനും ഉണ്ണീമ വേണം.അനിയന്റെ ഊണ് കാണേണ്ടത് തന്നെ ആണ്.പപ്പടം മാത്രേ വേണ്ടു.അതെത്ര കിട്ടിയാലും മതിയാവില്ല.ഉണ്ണാനിരുന്നാല്‍ ഇരുന്നതിന്റെ ചുറ്റും അനിയന്‍ പൂക്കളം ഇടും!പക്ഷെ അതിലൊന്നും ഒരു പപ്പടക്കഷ്ണം പോലും കണ്ടു പിടിക്കാന്‍ പറ്റില്ല..!!! പപ്പടക്കൊതിയന്‍!!!എന്നാലും ഉണ്ണീമക്ക് അനിയനെ ഇഷ്ടമാണ്.
അച്ഛന്‍ മാഷായത് കൊണ്ട് ഉണ്നീമാക്കും അനിയനും സ്റ്റാഫ് റൂമിലാണ് ഊണ്.ഊനിനിടക്ക് അനിയന്റെ പപ്പടം തീര്‍ന്നാല്‍ പിന്നെ പൂരം തുടങ്ങായി..!ഇരുന്ന ഇരുപ്പില്‍ ഒരൊറ്റ കരച്ചിലാണ്.ഉണ്ണീമ അനിയനെ നോക്കി.എന്നത്തേയും പോലെ പൂക്കളം തീര്‍ത്തിട്ടുണ്ട്.വായിലേക്ക് വെക്കുന്നതില്‍ പകുതിയേ വയറ്റിലേക്ക് എത്തുന്നുള്ളൂ.ഊണ് കഴിഞ്ഞു.കിണ്ണമെടുത്ത് അടുക്കള തളിച്ച് വൃത്തിയാക്കി.ഈ നേരത്ത് തൊടിയിലെക്കിറങ്ങാന്‍ പറ്റില്ല.ഊണ് കഴിഞ്ഞു വല്യമുത്തശ്ശന്‍ തന്റെ സ്ഥിരം സ്ഥാനമായ ഉമ്മറത്ത് ഇരിക്കണുണ്ട്.കുഞ്ഞന്യേനെ കാനാനില്യാലോ?അമ്മയുടെ അടുത്ത് ഉറങ്ങുകയാവും.ഉണ്ണീമ അകത്ത് മച്ചിനോട് ചേര്‍ന്നുള്ള മുറിയില്‍ പായ വിരിച്ച് കിടന്നു.എന്നാണാവോ അമ്മാത്തക്ക് പോവാ????????ഉണ്ണീമക്ക് കളിയ്ക്കാന്‍ ഇഷ്ടമായിരുന്നു.
സന്ധ്യക്ക് മേല്‍ കഴുകി വന്നു നാമം ജപം കഴിഞ്ഞപ്പോള്‍ വെറുതെ ഉമ്മറത്തേക്ക് നടന്നു.തൊഴുത്തില്‍ പശുക്കളുണ്ട്. അപ്പു ഏട്ടനെ കാണാനില്ലല്ലോ!പഠിക്കാവും.അപ്പു എട്ടന് എപ്പോഴും പഠിപ്പാണ്.എന്നാലും കളിക്കാനൊക്കെ ഒപ്പം കൂടും.ശരിക്കും അപ്പു ഏട്ടന്‍ അപ്ഫന്‍* ആണ്.പക്ഷെ നങ്ങേല്യേട്തീടെ ഒപ്പം ആണ്.മാസം കൊണ്ട് അപ്പു എട്ടന് ഇത്തിരി കൂടും എന്ന് മാത്രം.അപ്പു ഏട്ടനും നങ്ങേല്യേട്തീം വലിയ കൂട്ടാണ്.ഇല്ലത്തെല്ലാവര്‍ക്കും അവരെ രണ്ടു പേരെയും വലിയ ഇഷ്ടമാണ്.
നങ്ങേമേട്തി പതിവില്ലാതെ ഇന്ന് പുറത്തിറങ്ങി നില്‍ക്കുന്നുണ്ട്.മുടി അഴിച്ചിട്ട് അത് കൈ കൊണ്ട് കോതിക്കൊണ്ടാണ് നില്‍പ്പ്.ഉണ്ണീമ കുറച്ചു നേരം നോക്കി നിന്നു.എന്നിട്ട് തിരിച്ച് അകത്തേക്ക് പോന്നു. പെട്ടെന്നാണ് ഒരു ഓളിയും നിലവിളിയും കേട്ടത്.നേരെ പുറത്തേക്കോടി.നങ്ങേമേട്തി തൊടിയില്‍ തല കറങ്ങി വീണിരിക്കുന്നു!എല്ലാവരും ചുറ്റും കൂടി നില്‍ക്കുന്നുണ്ട്.നങ്ങേല്യേട്തി മുഖത്ത് വെള്ളം തളിച്ചു.നങ്ങേമേട്തി കണ്ണ് തുറന്നു.ആകെ വിറക്കുന്നുണ്ട്.ഉണ്ണീമക്ക് പാവം തോന്നി.അച്ഛന്‍ നങ്ങേമേട്തീടെ അടുത്ത് ചെന്നിരുന്നു.
"എന്തേ ണ്ടായത്?എന്തിനേ നെലോളിച്ചേ?"
"നിയ്ക്ക് പേട്യായിട്ടാ..!"
"ന്റെ കുട്ടി ന്ത് കണ്ടിട്ടാ പേടിച്ചേ?"
"ഞാനൊന്നും കണ്ടില്യ..!"
"പിന്നെ..?"
"കേട്ടു..!!!"
"ന്ത്????"
"കാലന്‍.....കാലന്‍കോഴീടെ കരച്ചില് കേട്ടു...!!!!!!!!!"
ആദ്യം ചിരിച്ചത് അച്ഛനാണ്.പിന്നെ എല്ലാവരും ചിരിച്ചു.ഒരു കൂട്ടച്ചിരി.
*******************
* അപ്ഫന്‍=അച്ഛന്റെ അനിയന്‍
അമ്മാത്തേക്ക്...
ഉണ്ണീമ അന്ന് പതിവിലധികം ഉത്സാഹത്തിലാണ്.എല്ലാവരും അമ്മാത്തേക്ക് പോവുകയാണ്.നങ്ങേല്യേട്തി അമ്മയുടെ ഒപ്പം സഹായി ആയി നടക്കുന്നുണ്ട്.നങ്ങേമേട്തി പൊട്ടു തൊട്ടും കണ്ണെഴുതിയും നില്‍ക്കുന്നുണ്ട്.എന്തൊക്കെയാണെങ്കിലും ഈ നങ്ങേമേട്തിയെ കാണാന്‍ നല്ല ചന്തമുണ്ട്.ഉണ്ണീമ ആലോചിച്ചു.വെളുത്തു മെലിഞ്ഞിട്ടാണ്.തന്നെപ്പോലെ ഉണ്ടയല്ല.തന്റെ തടിയുടെ കാര്യം ഓര്‍ത്തപ്പോള്‍ അമൂലിനോട് വല്ലാതെ ദേഷ്യം വന്നു ഉണ്ണീമക്ക്.അമൂല്‍ കഴിച്ചതുകൊണ്ടാണ് ഉണ്ണീമ ഉണ്ടക്കുട്ടിയായത്.അതുകൊണ്ട് എല്ലാവരും ഉണ്ണീമയെ "അമൂല്‍ ബേബി" എന്നാണ് വിളിച്ചിരുന്നത്.അന്ന് അമൂല്‍ കഴിച്ചില്ലായിരുന്നെന്കില്‍ നങ്ങേമേട്തിയെപ്പോലെ സുന്ദരിയാകുമായിരുന്നു.ഉണ്ണീമ ഓര്‍ത്തു.പക്ഷെ അമൂലിന്റെ സ്വാദോര്‍ത്താല്‍ വായിലിപ്പോഴും കപ്പലോടിക്കാനുള്ള വെള്ളം തന്നെ.നങ്ങേമേട്തിക്ക് തന്റെയത്ര മുടി ഇല്ല എന്നതില്‍ ഉണ്ണീമ സന്തോഷിച്ചു.തന്റെ അഭിമാനമായ മുടി മെടഞ്ഞിട്ടു പാവാടയും ജാക്കറ്റും ഇട്ടുകഴിഞ്ഞപ്പോള്‍ ഉണ്ണീമയുടെ ഒരുക്കം കഴിഞ്ഞു.ഇനി ഒരു ചന്ദനക്കുറി കൂടി ആയാല്‍...!ചാന്തും കണ്മഷിയും വേണമെന്നില്ലഞ്ഞിട്ടല്ല.ചോദിയ്ക്കാന്‍ പോയാല്‍ മനസ്സ് വിഷമിക്കേണ്ടി വരും.അതുകൊണ്ടിപ്പോള്‍ അതൊന്നും വേണമെന്ന് ആഗ്രഹിക്കാറില്ല.കുറച്ചുദൂരം നടക്കാനുണ്ട്.പെട്ടിയും സാമാനങ്ങളും എടുക്കാന്‍ മമ്മത് തയ്യാറായി നില്‍ക്കുന്നുണ്ട്.വല്യമുത്തശ്ശനോടും മറ്റും യാത്ര പറഞ്ഞിറങ്ങി.മനസ്സ് നിറയെ അമ്മാത്താണ്.ഉരുളിയങ്കുന്ന് ആവേശത്തോടെ ഓടിക്കയറി.ഇല്ലം ഏറെ താഴെയാണ്.ഉരുളിയങ്കുന്നിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ ഇല്ലത്തെ വളപ്പ് കാണാം.ഇല്ലത്തേക്ക് ഉരുളിയങ്കുന്നിറങ്ങി ഒരു വണ്ടിയും വരില്ല.
മയില്‍വാഹനം ബസ്സ് തയ്യാറായി നില്‍ക്കുന്നുണ്ട്.മമ്മത് സാധനങ്ങളെല്ലാം ബസ്സില്‍ കയറ്റി വെച്ചു. ബസ്സുകാര്‍ക്കും സന്തോഷം.അഷ്ടന്‍മാഷിന്‍റെയും കുടുംബത്തിന്റെയും ഈ യാത്ര അവര്‍ ഇന്നും ഇന്നലെയും കാണാന്‍ തുടങ്ങിയതല്ല.പുറത്തേക്ക് നോക്കിയിരിക്കുമ്പോള്‍ കാറ്റുവന്നു മുഖത്ത് ആഞ്ഞടിക്കുന്നു.ഉറക്കം വരുന്ന പോലെ.ബസ്സില്‍ തിരക്ക് കൂടിവരുന്നു.നിറയെ പര്‍ദ്ദയിട്ട രൂപങ്ങള്‍.കുഞ്ഞന്യേന്‍ നിലവിളി തുടങ്ങി.കറുത്ത പര്‍ദ്ദയിട്ടു ദേഹമാകെ മൂടിവരുന്ന രൂപങ്ങളെ കണ്ടാല്‍ ഇത് പതിവാണ്.സാരമില്ല,പതുക്കെ ഉറങ്ങിക്കോളും.
ബസ്സില്‍ തിരക്കുണ്ടെങ്കില്‍ സഞ്ജികളൊന്നും വാങ്ങിപ്പിടിക്കരുതെന്നു ഉണ്ണീമക്കറിയാം. കാരണമുണ്ട്.ഒരിക്കല്‍ അമ്മാത്തേക്കുള്ള ഒരു യാത്രയിലാണ് ഉണ്ണീമ അത് പഠിച്ചത്.ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു.പര്‍ദ്ദയിട്ട ഒരു രൂപം ഒരു സഞ്ജി മടിയിലേക്ക് വെച്ചു തന്നു.ആരാണത് തന്നതെന്നറിയാന്‍ ഒരു വഴിയുമില്ല.മിക്കവാറും സ്ത്രീകളും കറുത്ത പര്‍ദ്ദയിട്ടു മുഖം മറച്ചവര്‍.അങ്ങിനെ ഇരിക്കുമ്പോഴാണ് ഉണ്ണീമ അത് ശ്രദ്ധിച്ചത്.സഞ്ജിക്കുള്ളില്‍ എന്തോ അനങ്ങുന്നു!എന്താണെന്നറിയാന്‍ സഞ്ജി കൈ കൊണ്ടൊന്നു തടവി നോക്കി.കിട്ടി,അസ്സലൊരു കൊത്ത്..!!!!ഉറക്കെ കരഞ്ഞു.ഒപ്പം സന്ജിക്കുള്ളിലെ പൂവന്‍കോഴിയും!
കൊക്കര.. കോ.. കോ...!!!!!!!!!!!!!
ഗിരീശേട്ടന്‍റെ വികൃതികള്‍
അങ്ങിനെ അമ്മാത്തെത്തി.വഴിയില്‍ പണിക്കാരന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.പെട്ടിയു
അമ്മായിമാരും ഏടത്തിമാരുമൊക്കെ കുളിക്കാന്‍ ഒപ്പം കൂടി. അതങ്ങിനെയാണ്.കുളിച്ചു ഈറന്‍ കെട്ടി തിരോപ്ര തേവരെ ദീപാരാധന തൊഴാന്‍ പോകും.അനിയനും കുഞ്ഞനിയനും ജയനും മുന്‍പേ ഓടുന്നുണ്ട്.കുഞ്ഞനിയന്‍ കൂട്ടത്തില്‍ ഇടക്കൊക്കെ ഇടറി വീഴാന്‍ പോകുന്നുണ്ട്. അപ്പോള്‍ അതൊന്നും പ്രശ്നമല്ല.ഉരുണ്ടു വീണാലും ഒന്നും സംഭവിക്കാത്ത പോലെ എഴുന്നേറ്റ് ഏട്ടന്മാരുടെ ഒപ്പം ഓടുന്നുണ്ട്.അപ്പോഴാണ് ഉണ്ണീമ ഒരു കാര്യം ശ്രദ്ധിച്ചത്.ഗിരീശേട്ടനെ കാണാനില്ല.
"വരുമ്പോള്‍ തോര്‍ത്തെല്ലാമെടുത്ത് നിന്നിരുന്നതാണല്ലോ.ഇതെവിടെപ്പോയി?ആദ്യമേ പുഴയിലേക്ക് പോയിട്ടുണ്ടാകും."
ഉണ്ണീമ കരുതി.
"ഉണ്ണീമേ...നങ്ങേമേ...ഒന്ന് നിക്കൂ,ഞങ്ങളും ണ്ട് പൊഴേല്‍ക്ക്.."
ഉഷയും ജയശ്രീയുമാണ്.അവര്‍ അവരുടെ അമ്മാത്തേക്ക് വന്നതാണ്.അവരുടെ അമ്മാത്ത് അവിടെ അടുത്താണ്. തങ്ങള്‍ വന്നിട്ടുന്ടെന്നറിഞ്ഞു വന്നതാണ്.ഉഷ നങ്ങേമേട്തീടെ ഒപ്പം ആണ്.ജയശ്രീ ഉണ്ണീമയുടേയും.ഒരു കൂട്ട് കിട്ടി. വര്‍ത്തമാനം പറഞ്ഞു ചിരിച്ച് അങ്ങനെ പുഴയിലേക്ക് നടന്നു.
"ഈ ഭാരതപ്പുഴയെ ഇല്ലത്തേക്ക് കൊണ്ടുപോകാന്‍ പറ്റിയെങ്കില്‍..!"
മുതിന്നവരെല്ലാം അല്‍പ്പം മാറി അലക്കലും കുളിക്കലും തുടങ്ങി.കലപിലാ വര്‍ത്തമാനം പറയുന്നുമുണ്ട്. നങ്ങേല്യേട്തി അവരുടെ ഒപ്പം ആണ്.ഉഷയും നങ്ങേമേട്തിയും വെള്ളത്തില്‍ ഇറങ്ങി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും വെള്ളം ഒഴിച്ച് കളിക്കുന്നുണ്ട്.ജയശ്രീ ചോദിച്ചു,
"ഓടാ?"
"ഉം..."
ഉണ്ണീമയും ജയശ്രീയും കൈകള്‍ കോര്‍ത്തു പിടിച്ച് ഓടി.അക്കരെ വരെ പോകണം പിന്നെ തിരിച്ചിങ്ങോട്ടും.
അനിയനും കുഞ്ഞനിയനും ജയനും വെള്ളത്തില്‍ ഇടികൂടി കളിക്കുന്നത് കാണാമായിരുന്നു.പെട്ടെന്ന് എവിടെ നിന്നോ വലിയൊരു അലര്‍ച്ചയോടെ ഗിരീശേട്ടന്‍ അവര്‍ക്കിടയിലേക്ക് ചാടി! വേട്ടമൃഗം തന്റെ ഇരയെ എന്നപോലെ അനിയനെ കൂട്ടിപ്പിടിച്ചു.എന്നിട്ട് വെള്ളത്തിലേക്ക് ഒറ്റ മുക്കല്‍!!! കുഞ്ഞനിയന് ഒടാനാകുന്നതിനു മുന്‍പേ ജയന്‍ പിടികൂടി.ഏട്ടന്റെ സഹായി! അനിയന്‍ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടു.ജയശ്രീയുടെ കൈ വിടുവിച്ചു ഓടി അനിയന്റെ അടുത്തേക്ക്.അപ്പോഴേക്കും അനിയനെ വിട്ടു. വള്ളിനിക്കറിന്റെ പോക്കറ്റില്‍ നിന്നും എന്തൊക്കെയോ എടുത്ത് കുഞ്ഞനിയന്റെ ദേഹത്ത് ഉരക്കുന്നുണ്ട്. സഹായി ജയന്‍ കുഞ്ഞനിയനെ പിടിച്ചുവെച്ചിരിക്കുകയാണ്.ഉറക്കെ കരയുന്നുണ്ട് കുഞ്ഞനിയന്‍.അമ്മയും അമ്മായിമാരും അടുത്തെത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു ജയനും ഗിരീശേട്ടനും.വിരുതന്മാര്‍!
വെള്ളം കുടിച്ചു അനിയന്റെ വയറു വീര്‍ത്തു.കുഞ്ഞന്യേന്‍ "ചൊറിയുന്നേ,ചൊറിയുന്നേ" എന്ന ഉറക്കെ കരയുന്നുണ്ട്.മേലാകെ ചുവന്നു തടിച്ചിട്ടുണ്ട്.ആനത്തുമ്പ (കടിത്തുമ്പ) കൊണ്ട് പ്രയോഗം നടത്തിയതാണ് ഗിരീശേട്ടന്‍.ഉണ്നീമക്ക് കാര്യമെല്ലാം മനസ്സിലായി. ഇത്തരമൊരു ഭീകരാക്രമണത്തിനു പദ്ധതി ഇട്ടുകൊണ്ടാണ് ഗിരീശേട്ടന്‍ ഇത്രയും നേരം മാറി നിന്നത്.ആനത്തുമ്പ സംഘടിപ്പിക്കാന്‍ തൊടിയിലേക്ക് പോയതാകണം.അമ്മ കുഞ്ഞനിയന്റെ ദേഹത്ത് വെളിച്ചെണ്ണ പുരട്ടിക്കൊടുത്തു.അമ്മായിമാര്‍ പതിയെ അനിയന്റെ വയറു ഞെക്കി വെള്ളം കളയുന്നുണ്ട്.ഉണ്നീമക്ക് പാവം തോന്നി രണ്ടിനെയും കണ്ടപ്പോള്‍.നങ്ങേമേട്തിയും ഉഷയും വെള്ളത്തില്‍ നിന്ന് കയറി.ഒന്ന് പേടിച്ചിട്ടുണ്ട്.സത്യത്തില്‍ താനടക്കം എല്ലാവരും പേടിച്ചിട്ടുണ്ട്.അത്രയ്ക്ക് ബഹളമല്ലേ ഉണ്ടായത്.
അങ്ങ് ദൂരെ ഗിരീശേട്ടന്റെയും ജയന്റെയും കുഞ്ഞു തലകള്‍!അവരെ കണ്ട അമ്മായി വിളിച്ചു പറഞ്ഞു,
"ഇല്ലത്തക്കു വരിന്‍,വെച്ചിട്ടുണ്ട് രണ്ടാള്‍ക്കും ഞാനിന്ന്.പോക്രിത്തരം കാട്ടേ? "
അമ്മായി കലി തുള്ളി.
അത് കേട്ടിട്ടും ഒരു കൂസലും ഇല്ല രണ്ടാള്‍ക്കും.ഇത്തിരി പേടി ഉണ്ടെങ്കില്‍ ഉള്ളത് ജയനാണ്.ഏട്ടനാണ് ജയന്റെ ധൈര്യം.ദൂരെ നിന്നു കൊഞ്ഞനം കുത്തുകയാണ് രണ്ടു പേരും.
"അഹങ്കാരികള്‍!വെച്ചിട്ടുണ്ട് ഞാന്‍..!"
അമ്മായി പിറുപിറുത്തു.
മുത്തപ്ഫന്റെ ജാലവിദ്യകള്‍
തിരോപ്ര തേവരെ ദീപാരാധന തൊഴുതു കഴിഞ്ഞപ്പോഴേക്കും അമ്മാത്തെത്താന്‍ ധൃതിയായി.ഇപ്പോള്‍ ചെന്നാല്‍ അവിടെ മുത്തപ്ഫനുണ്ടാകും.വെറും മുത്തപ്ഫനല്ല,ജാലവിദ്യക്കാരന്‍ മുത്തപ്ഫന്‍!എന്തെല്ലാം രസമുള്ള ജാലവിദ്യകളാണെന്നോ മുത്തപ്ഫന്‍ കാണിക്കുക!അമ്മാത്തെത്താന്‍ ഉണ്ണീമക്ക് തിടുക്കമായി.
ഉമ്മറത്ത് തന്നെ ചാരുകസാലയില്‍ ഇരിക്കുന്നുണ്ട് മുത്തപ്ഫന്‍.മുത്തപ്ഫന്റെ കസാലയില്‍ പിടിച്ചുകൊണ്ടതാ നില്‍ക്കുന്നു ഗിരീശേട്ടനും ജയനും.അമ്മായിക്ക് അവരെ കണ്ടപാടെ കലി കയറി.
"ഇവിടെണ്ടാര്‍ന്വോ രണ്ട്പേരും?എവിടെ ആ വടി?രണ്ട കൊട്ത്തിട്ടേള്ളു രണ്ടിനും.ഇങ്ങട്ടെറങ്ങി വാ.. ഏട്ടന്‍റട്ത്ത് നിന്നോണ്ട് തല്ലു കിട്ടില്യാന്നു വിചാരിക്കണ്ട."
ഗിരീശേട്ടനും ജയനും പരുങ്ങി നിന്നു.സന്ധ്യയായി.ഇനി പുറത്തേക്കൊന്നും പോകാന്‍ പറ്റില്ല.അകത്തു തന്നെ കയറിക്കൂടണം.അതിനാണവര്‍ മുത്തപ്ഫനെ ചുറ്റിപ്പറ്റി നില്‍ക്കുന്നത്.അവര്‍ പ്രതീക്ഷിച്ച പോലെ മുത്തപ്ഫന്‍ ഇടപെട്ടു.
"വേണ്ട യശോദേ...അവര്‍ കുട്ടികളല്ലേ.ഇനി ഇപ്പൊ അവരെ അടിക്കൊന്നും വേണ്ട.നല്ല സങ്കടണ്ട് കുട്ട്യോള്‍ക്ക്."
അപ്പോള്‍ ഗിരീശേട്ടന്റെയും ജയന്റെയും മുഖം കണ്ടാല്‍ ലോകത്തില്‍ ഏറ്റവും പാവങ്ങള്‍ അവരാണെന്ന് തോന്നും.അമ്മായി പിന്നൊന്നും പറയാന്‍ നിന്നില്ല.ഈറന്‍ മാറാന്‍ നേരെ പത്തായപ്പുരയിലേക്ക് പോയി.അപ്പോള്‍ മുത്തപ്ഫന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"കുട്ട്യോളൊക്കെ ഈറന്‍ മാറീട്ടു വന്നാ ഒരൂട്ടം കാണിച്ചു തരാം."
അത് കേള്‍ക്കാന്‍ നില്‍ക്കുകയായിരുന്നു എല്ലാവരും.ഈറന്‍ മാറി വന്നാല്‍ മുത്തപ്ഫന്‍ ജാലവിദ്യ കാണിച്ചു തരും.
എല്ലാവരും ഈറന്‍ മാറാന്‍ ഓടി.ഈറന്‍ മാറ്റി വന്നപ്പോഴും മുത്തപ്ഫന്‍ ഉമ്മറത്ത് ചാരുകസാലയില്‍ ഇരിക്കുന്നുണ്ട്.ഗിരീശേട്ടനും ജയനും അടുത്ത് നിന്നു മാറിയിട്ടില്ല.എല്ലാവരും തിണ്ണയില്‍ നിരന്നിരുന്നു. മുത്തപ്ഫന്‍ ചാരുകസാലയുടെ കയ്യില്‍ കയ്യൊന്ന് ഊന്നി നിവര്‍ന്നിരുന്നു.എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.
"അപ്പൊ തുടങ്ങാംലേ?"
"ഉം..."
മുത്തപ്ഫന്‍ അനിയനെയും കുഞ്ഞനിയനെയും അടുത്തേക്ക് വിളിച്ചു.രണ്ടു പേര്‍ക്കും ഓരോ മിഠായി കൊടുത്തു. ഗിരീശേട്ടനും ജയനും ഇപ്പൊ കിട്ടും എന്ന് കരുതി വായില്‍ വെള്ളം നിറച്ചു നില്‍പ്പാണ്.അനിയന്റെയും കുഞ്ഞനിയന്റെയും മിഠായി തീറ്റ കഴിഞ്ഞു.എന്നിട്ടും വേറാര്‍ക്കും ഒന്നും കിട്ടിയില്ല.വൈകുന്നേരത്തെ സങ്കടം മുഴുവനും മിഠായിയില്‍ അലിഞ്ഞു തീര്‍ന്നു അനിയനും കുഞ്ഞനിയനും.ബാക്കിയുള്ളവരുടെ സഹി കെട്ടു തുടങ്ങി.
എല്ലാവര്‍ക്കും മിഠായി വേണം.മുത്തപ്ഫന്‍ ഒന്നും അറിയാത്ത പോലെ ചാരുകസാലയില്‍ ഇരിക്കുന്നുണ്ട്. ഒടുവില്‍ പ്രതിഷേധം അണ പൊട്ടി ഒഴുകി.
"ഞങ്ങക്കും മിഠായി വേണം!"
"ആഹാ,അത്യോ!തരാംലോ..!"
മുത്തപ്ഫന്‍ മടക്കിവെച്ച ഉള്ളംകൈ നിവര്‍ത്തിയപ്പോള്‍ അതില്‍ നിറയെ മിഠായികള്‍!എല്ലാവര്‍ക്കും സന്തോഷം!
മുത്തപ്ഫന്‍ തന്ന മിഠായികള്‍ പൊതി തുറന്നു പുറത്തെടുത്തു.നല്ല പളുങ്ക് മിഠായികള്‍!വായില്‍ കപ്പലോടിക്കാന്‍ വെള്ളം!കയ്യിലെടുത്ത മിഠായികള്‍ വായിലിട്ടപ്പോഴേക്കും അത്ഭുതം!അത് കാണാനില്ല..!!!ആകെ കലപിലയായി. എല്ലാവരും അനിയന്റെയും കുഞ്ഞനിയന്റെയും ചുറ്റും കൂടി.
"ശരിക്കും മിഠായി തിന്നാന്‍ പറ്റിയോ?"
"ഉം...ഞങ്ങളു തിന്നുലോ.."
പിന്നെ പരസ്പരം ചോദിക്കലായി.
"നിനക്ക് തിന്നാനൊത്തോ?"
"ഏയ് ഇല്യ.."
"എട്തിക്കോ?"
"ഇല്യ..അതെങ്ങ്ടോ പോയി.."
കയ്യില്‍ നിന്നു പോകും ചെയ്തു,വായിലേക്കൊട്ട് എത്തിയിട്ടുമില്ല!ഇതെന്തൊരു മിഠായി!!!!
മുത്തപ്ഫനിരുന്ന് ഉറക്കെ ചിരിച്ചു.
എല്ലാവര്‍ക്കും അറിയാം ഇനി മിഠായി കിട്ടാന്‍ ഒരു വഴിയെ ഉള്ളു..കൂട്ടക്കരച്ചില്‍..!!!
"ഞങ്ങക്ക് ശരിക്കുംള്ള മിഠായി വേണേയ്.."
"പറ്റിക്കണ മിഠായി വേണ്ടേയ്.."
അവസാനം മുത്തപ്ഫന്‍ പറഞ്ഞു.
"ഞാനെന്ത ചെയ്യാ?മിഠായി ഒക്കേം തീര്‍ന്നു.ഞാന്‍ എല്ലാവര്‍ക്കും ഓരോ ലടു തരാം.ഉം?"
"ഉം.."
എല്ലാവര്‍ക്കും വീണ്ടും സന്തോഷം.അനിയന്റെയും കുഞ്ഞനിയന്റെയും കണ്ണുകള്‍ തിളങ്ങി.അവര്‍ക്ക് മിഠായി തിന്നാന്‍ കിട്ടി.വേറാര്‍ക്കും ലഭിക്കാതിരുന്ന അസുലഭ സൌഭാഗ്യം!ഇനി ഇപ്പോള്‍ ലഡു കൂടി..!
എല്ലാവരോടും കൈ നിവര്‍ത്തി പിടിക്കാന്‍ പറഞ്ഞു മുത്തപ്ഫന്‍.കണ്ണടച്ച് തുറക്കും മുന്‍പേ എല്ലാവരുടെ കൈകളിലും നല്ല ഉഗ്രന്‍ ലഡു!കൊതിയോടെ തിന്നാനായി വായിലേക്ക് അടുപ്പിച്ചില്ല,അതിനു മുന്‍പേ ലഡു പറക്കാന്‍ തുടങ്ങി..!!!!പുറകെ ചെല്ലുംതോറും പറന്നു നീങ്ങുന്ന ലഡുകള്‍!എല്ലാവരും ലടുവിന്റെ പുറകെ ഓടി നടക്കുന്നു.ഇടയ്ക്കു ചിലരുടെ ലഡു കാണാതായി!
"നീയെടുത്തു,എന്റെ ലഡു നീയെടുത്തു.."
പരസ്പരം പഴി ചാരലുകളായി.ലഡുവിന്‍റെ പുറകെ ഓടിത്തളര്‍ന്ന ചിലര്‍ കണ്ണില്‍ വെള്ളം നിറച്ചു ഒരു ഭാഗത്ത് വന്ന് ഇരിപ്പായി.ഓട്ടത്തിനിടക്ക് തലകള്‍ കൂട്ടി ഇടിച്ചവര്‍ മുഴച്ച നെറ്റി തടവി മുഖം വീര്‍പ്പിച്ചു വന്നിരുന്നു.
ഈ ബഹളങ്ങളെല്ലാം കണ്ടു ഉറക്കെ പൊട്ടിച്ചിരിച്ചു മുത്തപ്ഫന്‍ ചാരുകസാലയില്‍ ഇരുന്നു.
(തുടരും)
തുടര്‍ക്കഥക്കായി കാത്തിരിക്കുന്നു ....
ReplyDeleteThis comment has been removed by the author.
ReplyDeleteHo ente ammo........
ReplyDelete