Wednesday, September 15, 2010

പ്രിയ രജനീ...


സായന്തനത്തിന്റെ പടിവാതിലില്‍ വന്നി-
ട്ടാരെ പ്രതീക്ഷിപ്പു നീ
,രജനീ,
കണ്‍കളില്‍ ദീപനാളങ്ങള്‍ കരിന്തിരി കത്തുന്നു
കണ്ണുനീര്‍ വറ്റിയെന്നോ.
ഗന്ധര്‍വ്വയാമമായ് നിന്‍ കാരിരുള്‍ മുടി-
ക്കെട്ടില്‍ സുഗന്ധമില്ലല്ലോ,പാലതന്‍-
ചില്ലയില്‍ സ്വപ്നത്തിന്‍ പൂക്കള്‍ വാടിക്കൊഴിയുന്നു
നിദ്ര വിദൂരമെന്നോ.
മുകിലിഴ നെയ്തെടുത്താകാശക്കംബളം
മെല്ലെ നിവര്‍ത്തി നിന്‍ പേലവാംഗുലി.
തേടുന്നു നിന്‍ കരിനീലക്കണ്ണുകള്‍
തിങ്കളെ താരാഗണങ്ങളെ.
വിസ്മരിക്കുന്നു നീ അമാവാസിയാണെന്നതും
അമ്പിളി പാടെ മറഞ്ഞതും.
എന്തോ കവര്‍ന്നെടുക്കനെന്ന മട്ടില്‍
നിന്നെ പുണരുന്നു കാറ്റും.
നിന്‍ മനതാരിലെ പ്രിയമുള്ളോരോര്മയും
കവര്‍ന്നു മറഞ്ഞതിവേഗം.
പാടിപ്പറന്നവന്‍ കളളക്കാറ്റാ പ്രിയ നൊമ്പരം
ആലിലയോടും,ഇന്നും-
ആലിലക്കുഞ്ഞുങ്ങള്‍ കൈകൊട്ടിപ്പാടി
രസിപ്പതും ആ കഥയാണോ,രജനീ,
നിന്റെ നിഗൂഡമാം മനതാരിലിത്രയും
മധുരമാം പ്രണയമുന്ടെന്നോ!

No comments:

Post a Comment