Monday, February 28, 2011

മഴയത്തൊരു പ്രണയം..


എന്നെ പുണര്‍ന്നെത്തുന്ന വര്‍ഷമേഘങ്ങളില്‍
ഞാന്‍ പടി കടക്കും മുന്‍പേ,അവന്‍
കല്ലെറിഞ്ഞ് തുളയിടുന്നുന്ദ്;തീര്‍ച്ച.
നനഞ്ഞൊലിച് ഞാന്‍ കയറി വരുമ്പോള്‍
ആ കണ്ണുകള്‍ പറയുന്ന കഥകളില്‍ അതുണ്ട്.
ഇറ്റു വീഴുന്ന തുള്ളികള്‍
മൂര്‍ദ്ധാവില്‍ സിന്ദൂരത്തിന്റെ
ചുവപ്പുരാശി പടര്‍ത്തി ഒഴുകിയിറങ്ങി.
ഭദ്രകാളി...!കുസൃതിക്കണ്ണുകള്‍ക്കു കീഴെയാ
ചുണ്ടുകള്‍ മന്ത്രിക്കുന്നു.
മുഖം വെട്ടിത്തിരിച്ചവനെ തള്ളിമാറ്റി ഓടവേ
ത്രിസന്ധ്യയ്ക്ക്‌ കൊളുത്തിയ നിലവിളക്കിന്റെ തിരിയില്‍
കാറ്റിന്റെ ഈറന്‍ കൈകള്‍ കണ്ണാരം പൊത്തി മെല്ലെ.
അവന്റെ പുഞ്ചിരിയില്‍ എന്നെ മോഹിപ്പിക്കുന്ന-
തെന്തോ ഞാന്‍ കാണാതെ അവന്‍
ഒളിപ്പിച്ചു വെച്ചിട്ടുണ്ട്;തീര്‍ച്ച.
ഇടയ്ക്ക് മിന്നിമായുന്ന മിന്നലാട്ടങ്ങളില്‍
അവ അവ്യക്തമായി തെളിയുന്നുണ്ട്.
മുല്ലത്തറയില്‍ ഒരു വേള
മിന്നിത്തെളിഞ്ഞ രേണുക്കള്‍ എന്നെ
അവനിലേക്ക്‌ ചേര്‍ത്ത് പടിയിറങ്ങി.
പേടിത്തൊണ്ടി...!കുത്തുവാക്കിനു നേരെ
കൊഞ്ഞനം കുത്തിയെന്റെ കാതുകള്‍.
അവനോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഉള്ളില്‍ പടര്‍ന്നു കയറുന്ന കാല-
മേറെക്കഴിഞ്ഞും നിലയ്ക്കാത്ത
പ്രണയത്തിന്റെ ഊഷ്മളതയില്‍
പഴയൊരു ചോദ്യം വീണ്ടും...
പുതുമണ്ണിന്റെ മണമുതിര്‍ന്ന സന്ധ്യയില്‍
മഴയെനിക്കവനെ തന്നോ അതോ
അവനെനിക്കു മഴയെ തന്നോ?അറിയില്ല..!